Thursday, December 31, 2015

പുതുവര്ഷം

സമയമാം രഥം മുന്നോട്ടു......

സമയമാം നദി മുന്നോട്ടു....

2015 ൽ ഇനി മണിക്കൂറുകൾ മാത്രം...
എത്രയോ പ്രാവശ്യം മനസ്സിൽ കൊതിച്ചു സമയത്തിന്റെ യാത്ര ഒന്ന് തടയാൻ...,
ബാല്യം എന്ന ആ മനോഹര കാലം തിരികെ വന്നെങ്കിൽ എന്ന്....
പൂമ്പാറ്റകളും പൂക്കളും കൂട്ടുക്കാരും മനസ്സിൽ
തമ്പടിച്ചിരിക്കുന്നു......
നല്ല ഓർമ്മകൾ മനസ്സിൽ റിപ്ലേ ആവുന്നു....
സമയം മുന്നോട്ടും മനസ്സ് അതെ വേഗത്തിൽ പുറകോട്ടും...
പോയ സമയം പോയി.... ഇനി അതെല്ലാം ഓർമ്മകൾ. മണികൂറുകൾ കഴിഞ്ഞാൽ 2015 ഉം ഓർമ്മകൾ ആവും
ഓർമ്മകൾ ഒരു ലഹരിയാണ്. ...    
പുതു വര്ഷം പ്രതീക്ഷയും ........

എല്ലാവർക്കും പ്രതീക്ഷകൾ നിറഞ്ഞ 2016 നേരുന്നു

എല്ലാ പ്രതീക്ഷകളും പൂവണിയട്ടെ പുതുവർഷത്തിൽ

എന്ന് പ്രാർത്ഥിച്ചുകൊണ്ട്...

Monday, December 7, 2015

മുംബൈ ഗ്രേറ്റ്‌ മുംബൈ

മുംബൈ ഗ്രേറ്റ്‌ മുംബൈ
ഇന്ന് കേരളം എങ്ങനെയാണോ അന്യ സംസ്ഥാന ജനങ്ങൾക്ക്‌ അങ്ങനെ ആയിരുന്നു ബോംബെ എന്ന മഹാനഗരം മലയാളികൾക്ക് 70 -80 കാലഘട്ടങ്ങളിൽ   പഠിച്ചു ഡിഗ്രി എടുത്തു ഒരു ജോലിക്കുവേണ്ടി ബോംബയിൽ എത്തുക എന്നത് ആ കാലഘട്ടത്തിലെ അനിവാര്യത ആയിരുന്നു  അവിടെ എത്തിയാൽ  നാട്ടിലെ ഏതെങ്കിലും ഒരു കൂട്ടുക്കാരനെ ബുദ്ധിമുട്ടിക്കുക അവന്റെ സഹ മുറിയനാവുക ഒന്ന് രണ്ടു ദിവസം ബാക്കി മുറിയന്മാർ മുഖം കറുപ്പിക്കും ഒരാഴ്ച കഴിയുമ്പോൾ അവർതന്നെ ഒരു ജോലി കണ്ടുപിടിച്ചു തരും പിന്നെ വന്നവനുംബോംബെ വാല ആകും

ഞാനും ഈ മഹാനഗരത്തിൽ ജോലി തേടി വന്നു 1979 അവസാനം
ചേട്ടനും ചേച്ചിയും ഇവിടെ ഡോംബിവില്ലിയിൽ ഉണ്ടായിരുന്നതുകൊണ്ട് താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടേണ്ടി വന്നില്ല
വന്നു രണ്ടു മൂന്ന് ആഴ്ചയിൽ ജോലിക്കിട്ടി, വീട്ടിയിൽ  എന്നും കാലത്തും വൈകീട്ടും ഉള്ള ലോക്കൽ ട്രെയിൻ യാത്ര, അതിലെ തിക്കിലും തിരക്കിനിടയും നടക്കുന്ന കച്ചവടങ്ങൾ,ചീട്ടുകളി,പ്രാര്ത്ഥന, വൈകുനേരങ്ങളിലെ വീട്ടിയിലെ ജനസമുദ്രം, വടപാവ് എന്ന അത്ഭുത ഭക്ഷണം, ഒരു ചായ മൂന്ന് പേർ കൂടി ''കട്ട്"അടിച്ചു കുടിക്കൽ, ഷെയർ ഓട്ടോയിലെ യാത്ര എല്ലാം എന്നെ അതിശയിപ്പിച്ചു  വിസ്മയിപ്പിച്ചു...... എങ്കിലും
ബോംബെ എന്തുകൊണ്ടോ എനിക്ക് പിടിച്ചില്ല എങ്ങനെയെങ്കിലും നാട്ടിൽ എത്തണം എന്നതായി എന്റെ ലക്ഷ്യം
ഭാഗ്യം കടാക്ഷിച്ചു ഒരു വര്ഷം കൊണ്ട് PSC വഴി നാട്ടിൽ  ജോലിക്കിട്ടി  ബോംബയിൽ നിന്ന് രക്ഷപ്പെട്ടു....,
മുപ്പതു വര്ഷങ്ങള്ക്ക് ശേഷം വീണ്ടും മുംബയിൽ ഒരു പതിനഞ്ചു ദിവസം
ഇപ്പോഴും ലോക്കൽ ട്രെയിൻ യാത്ര, അതിലെ തിക്കിലും തിരക്കിനിടയും നടക്കുന്ന കച്ചവടങ്ങൾ. പ്രാര്ത്ഥന, വൈകുനേരങ്ങളിലെ വീട്ടിയിലെ ജനസമുദ്രം, വടപാവ്, കട്ട് ചായ കഴിക്കൽ,ഷെയർ ഓട്ടോ യിലെ യാത്ര എല്ലാം എന്നെ വിസ്മയിപ്പിക്കുന്നു പണ്ടത്തെപ്പോലെ ഒരുപക്ഷെ അതിനെക്കാളും അധികം.....

Tuesday, November 17, 2015

സമത്വം

ആണ്‍ പെണ്‍ സമത്വം വേണം എന്ന മുറവിളി നാം എന്നും കേൾക്കുന്നു.............
ത്രിശൂർ കൈരളി ശ്രീ തീയറ്ററുകൾ സർക്കാരിന്റെ വകയാണ് 
ഒരുവിധം നല്ല തീയറ്ററുകൾ എന്നാൽ ഇവിടെ ആണിനും പെണ്ണിനും രണ്ടു നീതി
സ്ത്രീകളുടെ ടിക്കറ്റ്‌ കൌണ്ടർ 
അവർ ക്യു നില്ക്കുന്ന സ്ഥലം  എല്ലാം സുഖ സൌകര്യങ്ങൾ നിറഞ്ഞത്‌
 ഫാനും വെളിച്ചവും എല്ലാം ലഭ്യം
എന്നാൽ 110 രൂപ മുടക്കി സിനിമ കാണുവാൻ തിരുമാനിക്കുന്ന പുരുഷൻ 
കമ്പികൾ കൊണ്ട് തീർത്ത ഒരു കൂടിൽ ചൂടും കൊണ്ട് നിന്ന് കഷ്ട്ടപ്പെട്ടു
 ( മണിക്കുറുകൾ) വേണം ടിക്കറ്റ്‌ എടുക്കാൻ ..... 
എന്താ പുരുഷന്മാർ രണ്ടാം കിട പൌരന്മാരാണോ Mr ഉണ്ണിത്താൻ ?

Saturday, September 26, 2015

"ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ"

കുറച്ചു ദിവസങ്ങൾക്കുമുൻപ് ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു " അവൻ"
എന്റെ ഒരു സുഹൃത്ത്‌ ഒരു കാരണവും പറയാതെ പെട്ടെന് പിണങ്ങുകയും പിന്നെ ഏകദേശം അഞ്ചുവർഷം ഒരു പരിചയ ഭാവം പോലും കാണിക്കാതെ നടക്കുകയും  പിന്നെ ഒരു ദിവസം പെട്ടെന്ന് എന്നെ വിളിക്കുകയും ഒരുപ്പാട്‌ നേരം സംസാരിക്കുകയും ചെയ്തു . സംസാരത്തിനു ഒടുവിൽ അവന്റെ അമ്മയുടെ മരണത്തിൽ ഞാൻ അവനെസാന്ത്വനപ്പെടുത്തിയില്ല എന്ന കുറ്റാരോപണവും നടത്തി  എന്റെ അടുത്ത ബന്ധുവിന്റെ രോഗവും പിന്നീടുള്ള മരണവും  അതിനുശേഷമുള്ള പലപല കാരണങ്ങളും ഉണ്ടായിരുന്നെകിലും അവനോടു  " സോറി ഡാ  നീ  ക്ഷമിക്ക്‌" എന്ന് പറഞ്ഞ് അവനുമായുള്ള  ബന്ധം പുതുക്കി കാത്തു സൂക്ഷിക്കുന്നു
ഇന്ന് വായിച്ച ഒരു മെസ്സേജ്  എന്നെ വീണ്ടും അതെല്ലാം ഓർമ്മിപ്പിച്ചു
മെസ്സേജ് താഴെ ചേർക്കുന്നു:-
ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം...പുതുക്കണം.. അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക തന്നെ... കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത ഉണ്ട്. എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.സൗഹൃദങ്ങൾ മാത്രമല്ല ബന്ധങ്ങൾ തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ...സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ.. ഒടുവിൽ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി... കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...
പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും നമുക്കു മുന്നോട്ട് പോകാം

Friday, September 18, 2015

ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി

ഞാന്‍ ആന്റണി നാട്ടിലേക്കു വരുന്നത് 30 വര്‍ഷങ്ങള്‍ക്കു ശേഷം.ഇതിനിടയിൽ  നാട്ടിൽ പോകണം എന്ന തോന്നൽ പലപ്രാവശ്യം വന്നു  പക്ഷെ എന്തുകൊണ്ടോ സാധിച്ചില്ല  അല്ലെങ്കിൽ ധൈര്യം  വന്നില്ല. പക്ഷെ ഇത്തവണ മകന്റെ  നിർബന്ധം തള്ളാൻ കഴിഞ്ഞില്ല. അവനും കുറെ അധികം കാത്തിരുന്നതാണ് ഈ സന്ദര്ഭം . യാത്ര തിരുമാനിച്ചത് മുതല്‍ മനസ്സില്‍ പഴയ രംഗങ്ങള്‍ വന്നു പോയി കൊണ്ടിരിക്കുന്നു.......................
ഞാന്‍ ഡിഗ്രി രണ്ടാം വര്ഷം പഠിക്കുമ്പോള്‍ എന്റെ പഠനം പെട്ടെന്ന് നിലച്ചു.അപ്പന്റെ പെട്ടെന്നുള്ള വീഴ്ച എന്റെ പഠിപ്പ് മുടക്കി "തരക്‌" ബിസിനസ്സ് എന്റെ തലയിലും. എന്നാലും പ്രി ഡിഗ്രി മുതല്‍ പഠിച്ചിരുന്ന ടൈപ്പിംഗ്‌ഷോര്‍ട്ട് ഹാന്‍ഡ്‌ നിറുത്താതെ തുടര്‍ന്നു. അതാണ്‌ നാട് വിടാന്‍ കാരണവും .വാരരു മാഷിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഗായത്രിയെ പരിചയ പ്പെടുന്നത് . അത് പെട്ടെന്ന് വിചാരിക്കാത്ത തലങ്ങള്ളില്‍ എത്തി. രണ്ടു വീട്ടിലും എതിര്‍പ്പ് അവസാനം ഒളിച്ചോടി ബോംബയിലേക്ക്. അവിടെ നല്ലവരായ കുറച്ചു സുഹൃത്തുകള്‍ സഹായ ഹസ്തം നീട്ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടികൊണ്ട് പോയി .ഒരു ചാള്‍  ( ആകെ ഒരേ ഒരു മുറിയുള്ള താമസസ്ഥലം എല്ലാം മുറിയില്‍ ) എടുത്തുതന്നു .ഒരു അഭിഭാഷകന്റെ ഓഫീസില്‍ ഒരു പാര്‍ട്ട്‌ ടൈം ജോലിയും സങ്കടിപ്പിച്ചു തന്നു .കഷ്ട്ടി ഞരുങ്ങി  ജീവിക്കാം എന്ന സ്റ്റേജ്. പക്ഷെ മനസ്സ് നിറയെ സന്തോഷമായിരുന്നു ........ കാലത്ത് 6 മുതല്‍ 8.30 വരെ വക്കിലിന്റെ നോട്ടുകള്‍ ഷോര്‍ട്ട് ഹാന്‍ഡില്‍ എഴുതി എടുക്കുക വൈകിട്ട് 6 മുതല്‍ അതെല്ലാം ടൈപ്പ് ചെയ്യുക .ഇതിനിടയില്‍ കുറേ അധികം സമയം ഫ്രീ ടൈം. അപ്പോള്‍ ജോലി അന്വേഷിച്ചു പോകുക .അങ്ങനെ പോകുമ്പോള്‍ ലോക്കല്‍ ട്രെയിനില്‍ വച്ച് അവനെ കണ്ടു. പ്രി ഡിഗ്രിക്കും ,ഡിഗ്രിക്കും കൂടെ പഠിച്ചിരുന്ന വൈദ്യനാഥനെ.. അവന്‍ അവിടെ വോള്‍ ടാസില്‍ ജോലിചെയ്യുന്നു .അച്ഛനും അമ്മയും അവന്റെ കൂടെ താമസിക്കുന്നു ഒരു ബോംബെ വാല ആയി തിര്‍ന്നിരിക്കുന്നു അവന്‍. നാട്ടിലെ എല്ലാം വിറ്റു ഇവിടെ ഒതുങ്ങി.

എന്റെ കഥ - അച്ഛന്റെ മരണം, ഗായത്രി യുമായി ബോംബയില്‍ എത്തിയത് എല്ലാം  പറഞ്ഞു . പിന്നെ ഇടയ്ക്കിടെ അവനെ കാണും അവനും എന്നെ സഹായിക്കണം എന്ന് മനസ്സുണ്ടായിരുന്നു. ഞാനും ഗായത്രിയും അവന്റെ വീട്ടില്‍ പോകാറുണ്ട്.അവന്റെ അമ്മക്ക് ഗായത്രിയെ ഇഷ്ട്ടമായി. അവള്‍ക്കു മാമിയേയും.അവന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍‍ സ്റ്റെനോ വിന്റെ ഒഴിവുണ്ട്എന്ന വാര്‍ത്ത‍ വളരെ സന്തോഷത്തോടെയാണ് അവന്‍ എന്നെ അറിയിച്ചത്. പക്ഷെ ടെസ്റ്റും ഇന്റര്‍ വ്യൂ എല്ലാം കടന്നാല്‍ മാത്രമേ ജോലി കിട്ടൂ. അവന്റെ കൂടെ ചെന്നു അപേക്ഷ കൊടുത്തു .ഒരാഴ്ച കഴിഞ്ഞു അവന്‍ വന്നു ടെസ്റ്റിനുള്ള കാള്‍ ലെറ്റര്‍ തന്നു.

ഒരു പ്രതിക്ഷയും ഇല്ലാതെ ടെസ്റ്റ്‌ എഴുതി. പക്ഷെ ടെസ്റ്റില്‍‍ നല്ല മാര്‍ക്ക്‌ കിട്ടി. പിന്നെ ഇന്റര്‍വ്യൂ പേരു വിളിച്ചു അകത്തു ചെന്നപ്പോള്‍ മനസ്സ് പിടഞ്ഞു പക്ഷെ അവിടെയും ഭാഗ്യം തുണച്ചു. അങ്ങനെ അല്ലലില്ലാത്ത ജീവിതം സ്വപ്നംകണ്ട് വീട്ടില്‍‍ എത്തി, അവളോട്‌ പറഞ്ഞപ്പോള്‍ അവളും ഹാപ്പി വൈകിട്ട് വൈദ്യനാഥന് വന്നു ഉടനെ തന്നെ ജോയിന് ചെയ്യാന്‍
പറഞ്ഞു അങ്ങനെ ഒരു നല്ല ജോലിയില്‍ പ്രവേശിച്ചു. വൈദ്യനാഥന്‍ താമസിക്കുന്നതിനടുത്തു ഒരു ചെറിയ വീടും കിട്ടിഎല്ലാം കിഴടക്കിയ ഒരു തോന്നല്‍. നാട്ടിൽ നിന്ന് വരുന്ന കൂട്ടുക്കാ രുടെ ലെറ്ററുകൾ വഴി വീട്ടിലെ കാര്യങ്ങൾ  അറിയാറുണ്ട്  രണ്ടു വീട്ടിലേയും എതിര്പ്പ് കുറഞ്ഞെങ്കിലും ഞങ്ങളെ സ്വീകരിക്കാൻ തയാറായിരുന്നില്ല അവർ. ഇടിക്കിടെ ഞങ്ങൾ   രണ്ടുപേരും വീട്ടുകാരെ ഓര്ക്കും  കുറച്ചു നേരം കരയും  അങ്ങനെ ജീവിതം തുടര്ന്നു ..............

കാലചക്രം തിരിഞ്ഞു രണ്ടുവര്‍ഷങള്‍ പോയതറിഞ്ഞില്ല സമയത്ത് സന്തോഷവാര്‍ത്തയും അറിഞ്ഞു ഒരു അംഗം കുടി വരുന്നു സന്തോഷം ഇരട്ടിയാക്കാന്‍ .....
പ്രസവത്തിനു അവളെ അടുത്തുള്ള പ്രൈവറ്റ് നഴ്സിംഗ് ഹോമില്‍ അഡ്മിറ്റ്‌ ചെയ്യുന്നത് വരെ ലക്ഷ്മി മാമി (വൈദ്യനാഥന് ന്റെ അമ്മ) ചെയിതു തന്ന സഹായങള്‍ വളരെ വളരെ വലുതാണ്. സ്വന്തം അമ്മയില്‍ നിന്ന് കിട്ടേണ്ടിയിരുന്ന എല്ലാ സഹായങ്ങളും സ്നേഹവും ലാളനകളും ഗായത്രിക്ക് അവര്‍ നല്‍കി. എല്ലാ പ്രതിക്ഷകളും തെറ്റിച്ചു കൊണ്ട് അത് സംഭവിച്ചു................. ഒരു ആണ്‍ കുട്ടിയെ തന്നിട്ട് എന്നെ വിട്ടു അവള്‍ പോയി. ശരിക്കും പകച്ചു നിന്ന സമയം ആയിരുന്നു അത്. ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ഭയം മനസ്സില്‍ കടന്നു കൂടി . ഒന്നുരണ്ടാഴ്ച ലീവെടുത്തു . വൈദ്യന്റെ അമ്മ സമയാസമയത്ത് കുട്ടിക്ക് പാല് കൊടുക്കും, ഉറക്കും, സ്വന്തം പേരകുട്ടിയെപോലെ അവര്‍ അവനെ നോക്കി. പിന്നെ അവര്‍ തന്നെ എന്നെ ജോലിക്കു പോകാന്‍ നിര്‍ബന്ധിച്ചു. എന്നും വൈകിട്ട് വരുമ്പോള്‍ കുട്ടിയെ കുളിപ്പിച്ച് പൊട്ടു കുത്തി എന്നെ ഏല്പിക്കും ഞാന്‍ അവനെ കെട്ടിപിടിച്ചു ഉറങ്ങാതെ കിടക്കും അങ്ങനെ മൂന്ന് വര്ഷം കഴിഞ്ഞു എന്റെ മകന്‍ ലക്ഷിമി മാമിയെ പാട്ടി എന്ന് വിളിച്ചു.  അവര്‍ ഇവനെ ശേഷാദ്രി എന്നും

അവനെ സ്കൂളില്‍ ചേര്‍ക്കേണ്ട സമയം വൈദ്യനാഥന് പ്രമോഷന്‍ കിട്ടി കൂടെ സ്ഥലമാറ്റവും.
കാലം ഒരു പാട് മുന്നോട്ടു പോയിഇന്ന് എന്റെ മകന്‍ പഠിച്ചു ജോലിയില്‍ ചേര്‍ന്നിരിക്കുന്നു  ചേര്‍ന്ന ഉടനെ അവന്‍ ആകെ ആവശൃപ്പെട്ടത് എന്നോട് ജോലി ഉപ്ക്ഷിക്കുവാന്‍ . ഞാനും അത് ചിന്തിച്ചു തുടങ്ങിയിരുന്നു പക്ഷെ അവന്‍ ജോലി വേണ്ടെന്നു വെച്ചിട്ട് ചെയ്യാന്‍ പറഞ്ഞത് ഒരു മഹത് കാര്യമായിരുന്നു  ബോംബയില്‍ ഒരു ക്രഷ് തുടങ്ങാന്‍ അവിടെ ഭര്‍ത്താവോ ഭാര്യയോ മരിച്ചിട്ട് കുട്ടിയെ എന്തുചെയണം എങ്ങനെ മുന്നോട്ടു പോകണം എന്നറിയാതെ പകച്ചു നില്‍ക്കുന്നവരെ സഹായിക്കാന്‍  . ഞാന്‍ ജോലി ഉപേക്ഷിച്ചു. ജോലി വേണ്ടെന്നു വെച്ചപ്പോൾ കിട്ടിയ പീ എഫ്  ബാക്കി ആനുകൂല്യങ്ങൾ  എല്ലാം ചേർത്ത് ഒരു ക്രാഷ്‌ തുടങ്ങിഅതിന്റെ പേര് ലക്ഷ്മി ശേഷാദ്രി ശിശു പാലന്‍ സമിധി പേരും എന്റെ മകന്‍ പറഞ്ഞതാണ്
ശരിക്കും അവന്‍ അവന്റെ പാട്ടിയോടുള്ള നന്ദി രേഖപെടുത്തുകയായിരുന്നു സംരംഭം മൂലം. ഞാനും ഒഴിവുള്ളപ്പോൾ മകനും അതിന്റെ  പ്രവർത്തനത്തിൽ മുഴുകി 
കാലം കുറച്ചുകൂടി മൂന്നോട്ടു പോയി. മകന്‍ കല്യാണം കഴിച്ചു ഒരു കുട്ടി ഉണ്ടായി. അവന്റെ പേര് ആന്റണി ശേഷധിരി
ആന്റണി മകന്‍ ശേഷധിരി പിന്നെ അവന്റെ ഭാര്യ അവരുടെ മകന്‍ ആന്റണി എല്ലാവരും നാട്ടിലേക്കു വരുന്നു എന്റെ നാടും ഗായത്രിയുടെ നാടും കാണാന്‍
ദൈവത്തിന്റെ സ്വന്തം നാട്  കാണാന്‍ !

Monday, September 7, 2015

" നിനക്ക് നല്ലത് വരട്ടെ "

ഇന്ന് തിരുവോണം
നാട്ടില്‍ നിന്നകലെ  ശരിക്കും ഒറ്റപ്പെട്ടു    ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ ....    ഓണ സദ്യ ഒരുക്കാൻ ഭാര്യ തുടങ്ങിയപ്പോൾ പറഞ്ഞു   " നീ ഒന്നും ഉണ്ടാക്കണ്ട  സാമ്പാറും   മോരും മതി "

മനസ്സ് നിറയെ  നാട്ടില്‍  കഴിഞ്ഞപ്പോള്‍ ആഘോഷിച്ച  ഓണനാളുകളാണ് കുട്ടിക്കാലം മുതൽ പത്തൻപത് വയസ്സുവരെ    ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു ഓണം     അവധിക്കാലം  അത്  അടിച്ചുപൊളിക്കുക അതുമാത്രമായിരുന്നു  പ്രാധാന്യം
എന്നാല്‍  വിവാഹം കഴിഞ്ഞു കുട്ടികള്‍  എല്ലാം ആയപ്പോള്‍   അവരുടെ സന്തോഷം മാത്രമായി  ഓണം
അവരുടെ കുട്ടിക്കാലം   സ്വന്തം കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു,     ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി  മക്കള്‍  വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍  ചേക്കേറി
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത്‌ തന്നെ മറന്നു

പിന്നെ അവര്‍ക്ക് കുട്ടികള്‍  ‍ ഉണ്ടായപ്പോള്‍   അവരെ നോക്കാന്‍ വേണ്ടി ഞങ്ങളേയും മറുനാട്ടിലേക്ക് പറിച്ചു നട്ടു

പിന്നെ കുട്ടികള്‍  വളര്‍ന്നപ്പോള്‍  ഞങ്ങളെ  പ്രത്യേകം  താമസിപ്പിച്ചു
അവര്‍ കുടുംബത്തോടെ  താമസം മാറി  ----കാരണം
കുട്ടികള്‍ക്ക് പഠിക്കാന്‍ ‍ സൗകര്യം വേണം , അല്ലെങ്കിൽ അവർ പഠിക്കില്ല

ആദ്യമെല്ലാം എന്നും വന്നു അന്വേഷിച്ചിരുന്നവർ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ്  പിന്നെ ഫോണിലായി  അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍   "വലതും വേണോ? വേണമെങ്കില്‍ പണം ബാങ്കില്‍ ഉണ്ട്
കാര്‍ഡ് വഴി എടുക്കാം " ഇങ്ങനെ  ഒഴിവു ദിവസങ്ങളില്‍ പോലും
ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്

ശരിക്കും ഒറ്റപ്പെട്ടു   ദേഷ്യവും സങ്കടവും പറഞ്ഞു ഞങ്ങള്‍  രണ്ടുപേരും കഴിഞ്ഞു വന്നു
ഞങ്ങളുടെ സങ്കടം  അടുത്ത  ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും  വൈകീട്ടും  വന്നു ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും  പറയും
പിന്നെ ചിലപ്പോള്‍  മധുര പലഹാരങ്ങള്‍  കൊണ്ടുതരും   പക്ഷെ ഹിന്ദി സംസാരിക്കുന്ന  അവനോടു മനസ്സ് തുറക്കാന്‍ കാഴ്ഞ്ഞിരുന്നില്ല
ഞങ്ങളുടെ മനസ്സ്  അറിഞ്ഞ ആ ചെറുപ്പക്കാരൻ ഇന്ന് ഞങ്ങള്ക്കുവേണ്ടി  പായസം കൊണ്ടുവന്നു പിന്നെ ഞങ്ങളെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് കൊണ്ടു പോയി അടുത്തുള്ള ഒരു പാർക്കിൽ കൊണ്ടുപോയി  കുറേ സമയം കൈകൊണ്ടും കണ്ണുകൊണ്ടും ഞങ്ങളോട് സംസാരിച്ചു  വയസ്സായ അഛനും അമ്മയും അവനും ചേർന്നിരിക്കുന്ന ഫോട്ടോ കാണിച്ചു  അവരെ പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല എന്നുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഞങ്ങൾ വിട്ടിൽ തിരിച്ചെത്തി അവനേയും ഊണ് കഴിക്കാൻ നിർബന്ധിച്ചു
 അവൻ കൊണ്ടുവന്ന "ഘീറും" സാമ്പാറും തോരനും  കൂട്ടി ഊണ് കഴിച്ചു
എന്തുകൊണ്ടോ വളരെ ഗംബീരമായ ഒരു ഓണ സദ്യ പോലെ തോന്നിച്ചു ആ ഉച്ച ഭക്ഷണം  അവൻ യാത്ര പറഞ്ഞു പോയപ്പോൾ മനസ്സ് പറഞ്ഞു " നിനക്ക് നല്ലത് വരട്ടെ "

Wednesday, August 26, 2015

കാലം പോയ ഒരു പോക്കേ...

അന്ന് 
ശബരിമാലക്ക് മാലയിട്ടു  കോളേജിലേക്ക് 
പോകാൻ  ജീന്സും ഷർട്ടും ഇട്ടു റെഡിയായി കൊണ്ടിരിക്കുന്ന 
മകനോട്‌  അമ്മ " മലക്ക് പോയി വരുന്നതുവരേയും  കറുത്ത വസ്ത്രങ്ങൾ ധരിക്കഡാ...  അത് ഒരു വ്രതമാണ് " 
മകൻ " പിന്നേകാഷായവസ്ത്രംധരിച്ചുസന്യസിക്കാൻ അല്ലേ
പോകുന്നത്.... കോളേജിലേക്ക് കുറച്ചു ഡീസെന്റായി
പോകണം അമ്മ അമ്മയുടെ പണി നോക്ക് "


ഇന്ന്.  
 കോളേജിലേക്ക്പോകാൻ റെഡിയായി കൊണ്ടിരിക്കുന്ന മകൻ
"അമ്മേ  അന്ന് ശബരി മലക്ക്  പോകാൻ വേണ്ടി തുന്നിയ കറുത്ത ഷർട്ട് എവിടെ ? ഇന്ന് കോളേജിൽ  ഓണമാഘോഷമാണ്  മുണ്ടും കറുത്ത ഷർട്ടും ഇട്ടു വേണം  പോകാൻ "
അമ്മ " കാലം പോയ ഒരു പോക്കേ....."

ഹൃദയം നിറഞ്ഞ ഓണാശംസകൾ !

നിറം എന്തായാലും  ഹൃദയത്തിൽ  പ്രേമം ഉണ്ടാകട്ടെ .... സ്നേഹം നിറയട്ടെ മനസ്സിൽ.....

Wednesday, August 12, 2015

ഞാൻ പ്രണവ്:-

ഞാൻ അത്രക്ക് ഫേമസ് ഒന്നും അല്ല  പക്ഷെ  ഇന്നലെ ഞാൻ അറിയാതെയെങ്കിലും നിങ്ങളുടെ മനസ്സിൽ  കടന്നു കൂടി  ഒരു പക്ഷെ നിങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നേയും ഓർത്തിത്തുണ്ടാവും   ഞാൻ അതിനു നിങ്ങൾക്ക് നന്ദി പറയുന്നു
കഴിഞ്ഞ ഞായർ വരെ ഞാനും ഒരു സാധാരണക്കാരൻ ആയിരുന്നു  ഒരുപാട് സ്വപ്‌നങ്ങൾ ഭാവിയെക്കുറിച്ച് എനിക്കുമുണ്ടായിരുന്നു  കലാം സാർ പറഞ്ഞതുപോലെ  അവയുടെ സാക്ഷാൽക്കാരത്തിന് വേണ്ടി ശ്രമിക്കുകയായിരുന്നു  പക്ഷെ വിധി  വേറേ
പലതും കരുതിയിരുന്നു ...
മുത്തച്ഛന്റെ മരണം  തുടർന്നുള്ള ചടങ്ങുകൾ എല്ലാം നടന്നുകൊണ്ടിരിക്കുന്ന സമയം   ഒന്ന് രണ്ടു കാര്യങ്ങൾക്കുവേണ്ടി പുറത്തേക്ക് ഇറങ്ങി ബൈക്കിൽ
പക്ഷെ അത് അവസാനത്തെ യാത്ര ആകുമെന്ന് കരുതിയില്ല
ബൈക്ക്  വേറൊരു ബൈക്കുമായി കൂട്ടിയിടിച്ചു  ചോരവാര്ന്നു റോഡിൽ കിടന്നു  പിന്നെ എപ്പോഴോ ആശുപത്രിയിൽ  അതിനു ശേഷം കുറച്ചുകൂടി വലിയ ഹോസ്പിറ്റലിൽ പിന്നെ ഏറണാകുളം മൾട്ടി സ്പെഷാലിറ്റി  ഹോസ്പിറ്റലിൽ  ....
മരിച്ചാൽ അവയവ ദാനംചെയ്യണം എന്ന എന്റെ ആഗ്രഹം ഞാൻ ആരോടും പറഞ്ഞിരുന്നില്ല    പറയാൻ സാധിച്ചില്ല  പക്ഷെ എന്റെ അമ്മ ബാക്കി എല്ലാവരും  അത് മനസ്സില്ലാക്കി എന്റെമോഹം സാധിപ്പിച്ചു തന്നു
 എന്റെ ഹൃദയം കേരളത്തിൽ നിന്ന് ചെന്നയിൽ എത്തി ഒരു മഹാരാഷ്ട്ര കാരന്റെ  ശരിരത്തിൽ ....... ഇതിലും വലുതായി  നാഷണൽ യുണിറ്റി ക്കായി   ഞാൻ ജീവിച്ചിരുന്നാൽ പോലും ഒരു പക്ഷെ എനിക്കൊന്നും  ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവില്ല  ......ഞാൻ ധന്യൻ
എനിക്ക് രണ്ടേ രണ്ടു കാര്യങ്ങൾ മാത്രം നിങ്ങളോട് പറയാനുണ്ട്  അല്ല  അപേക്ഷിക്കാനുണ്ട്
1 അപകടം നടക്കുന്നത് പെട്ടെന്നാണ്   അപകടത്തിൽ പെടുന്നവരെ  ഉടനെ  ആശുപത്രിയിൽ എത്തിക്കുക നിങ്ങൾ എത്ര തിരിക്കിൽ  ആണെങ്കിലും
2 മരിച്ചാലും ജീവിക്കാൻ വേണ്ടി വിലപ്പെട്ട  അവയവങ്ങൾ ദാനം ചെയ്യുക  അതിനുള്ള തിരുമാനം ഇപ്പോൾ തന്നെ എടുക്കുക
 മരിച്ചു ജീവിക്കുന്നതിനെക്കാളും മരിച്ചതിനു ശേഷവും പലരുടെയും ഓർമ്മയിൽ  പ്രാർത്ഥനയിൽ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് അല്ലെ?...

Friday, July 31, 2015

സംഗീത ചക്രവര്ത്തിക്ക് പ്രണാമം

ആയിരത്തി തൊള്ളായിരത്തി എണ്‍പതു ജൂലൈ മുപ്പത്തി ഒന്ന് നമുക്ക് ഒരു വന്‍ നഷ്ടം സംഭവിച്ചു
ഗായകന്‍ റാഫി അന്തരിച്ചു
35 വര്‍ഷങ്ങള്‍ കഴിഞ്ഞു പക്ഷെ ഇന്നും ആ നഷ്ട്ടം  നഷ്ട്ടമായി തുടരുന്നു,
എണ്ണിയാൽ തീരാത്ത മധുര മനോഹര ഗാനങ്ങൾ .....എല്ലാം ഇന്നും ഒരു ക്ലാസ്സ്‌ ആയി അല്ല ക്ലാസ്സിക്കായി  തുടരുന്ന   മരണമില്ലാത്ത ഗാനങ്ങൾ .തന്റെ ഗാനങ്ങളിലൂടെ ഇന്നും നമ്മള്ളിൽ ജീവിക്കുന്ന  റാഫി

gems ഓഫ് മുഹമ്മദ്‌ റാഫി( എന്റെ ഒരു ചോയിസ് )
1 മധുപനു മേ രാധിക നാചേരെ.......
2 ഭഗവാന്‍ ദുനിയാക്കെ രക് വാലെ
3 യെ ദുനിയാ യെ മെഹഫില്‍ മേരേ കാം കി
4 തേരീ ആന്കോം കെ സിവ ദുനിയ മേ ...
5 ബഹാരോം ഫൂല്‍ ബാറുസാവോ
6 ഖിലോന ജാന്ക്കര്‍
7 ദില്‍ കെ ജരോക്കൊമേ തുജ്ക്കോ
8 ഓ ദുര്‍ കെ മുസാഫിര്‍ ഹം കോ ഭി സാത്ത് ലെ ലെ രേ
9 തേരി പ്യാരി പ്യാരി സൂറത്ത്‌ കോ ...
10 ചൌദ് മി കാ ചാന്ദ് .......

ഈ ഗാനങളും ഇതുപോലെ യുള്ള പതിനായിര കണക്കിനുള്ള ഗാനങ്ങളും മറക്കുവതെങ്ങിനെ നാം ?
ആ സംഗീത ചക്രവര്ത്തിക്ക് പ്രണാമം

Saturday, July 25, 2015

അവൻ..............

ഇന്ന് വർഷങ്ങൾക്കു(അഞ്ചു വർഷം) ശേഷം അവൻ വിളിച്ചു  കുറെ അധികം സംസാരിച്ചു ഞങ്ങൾ തമ്മിൽ അകന്നു പോയി പല പല കാരണങ്ങൾ കൊണ്ട്  ഇന്നും കാരണങ്ങൾ എന്നിക്കറിയില്ല  ഒരു മെയ്‌ ഒന്നാം തിയതി  ഒരുമിച്ചു കുറേ അധികം സംസാരിച്ചു പിരിഞ്ഞു  പിറ്റേ ദിവസം മുതൽ എത്ര ശ്രമിച്ചാലും അവൻ ഫോണ്‍ എടുക്കാറില്ല  മെയിൽ അയച്ചാൽ മറുപടി ഇല്ല   മറ്റൊരിക്കൽ  ഒരു  കല്യാണവീട്ടിൽ കണ്ടപ്പോൾ ഒന്നു  ചിരിച്ചതു പോലുമില്ല  വളരെ ഗൗവരത്തിൽ  മുഖം തിരിച്ചു ..  അങ്ങനെ ആ ബന്ധം മുറിഞ്ഞു  കാലം പതിവിൻ പടി മുന്നോട്ടൊഴുകി .........
ഇതിനിടയിൽ എന്റെ ഫാദർ  ഇൻ  ലോ ഹാർട്ട്‌ അറ്റാക്ക്‌ വന്ന് ഹോസ്പ്പിറ്റല്ലിൽ ആയി  രണ്ടാഴ്ച  കോഴിക്കോട്ടേക്കും  തൃശ്ശൂർക്കുമായി  ഷട്ടിൽ അടിയായിരുന്നു  ഭാര്യയുടെ വീട്ടിൽ ഹോസ്പ്പിറ്റലിൽ രാത്രി നില്ക്കാൻ പറ്റിയ ആരും ഉണ്ടായിരുന്നില്ല  എന്നും വൈകിട്ടുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ  അങ്ങോട്ടും കാലത്ത് ഇങ്ങോട്ടും ഉള്ള   യാത്ര, ജോലിക്ക് പോകൽ  എല്ലാം കൂടി തിരക്കിൽ ആയി പോയി
 ആ സമയത്ത്   അവന്റെ അമ്മ  മരിച്ചു  ബാക്കി സുഹൃത്തുക്കളോടൊപ്പം ഞാനും അവന്റെ വീട്ടിൽ പോയിരുന്നു  എന്നാൽ അവനെ കണ്ടു സംസാരിക്കാൻ കഴിഞ്ഞില്ല  കാരണം അവൻ ഫ്യുണരൽ ചടങ്ങുകളുടെ   തിരക്കിലായിരുന്നു എനിക്കാണെങ്കിൽ കോഴിക്കോട് പോകേണ്ട തിരക്കും   അന്ന് രാത്രി മിനിമം ഒരു ഇരുപതു പ്രവശ്യമെങ്കിലും  അവനെ ഫോണിൽ ട്രൈ ചെയ്തു  അവൻ എടുത്തില്ല  ഒരു കാണ്ടോളൻസ് മെസ്സേജ് ടെക്സ്റ്റ്‌ ചെയ്യ്തു മെയിൽ അയച്ചു അതിനും അവൻ മറുപടി അയച്ചില്ല   ഒരാഴ്ച അല്ല 10 ദിവസം കഴിഞ്ഞില്ല  എന്റെ ഫാദർ ഇന് ലോ  മരിച്ചു  ചടങ്ങുകൾ  അടിയന്തിരം  കോഴിക്കോട് നിന്ന് മദർ  ഇൻ ലോ യെ കൊണ്ടുവരൽ അവിടത്തെ  വീട് ഒഴിക്കൽ അത് നന്നാക്കി   വാടകയ്ക്ക് കൊടുക്കൽ  അങ്ങനെ ഒരുപാട് കാര്യങ്ങൾ  അടുതതടുത്തു നടന്നു  ഞാൻ അതുമൂലം തിരക്കിലുമായി...
 ഇന്ന് അവൻ സംസാരിച്ചപ്പോൾ കുറേ നേരം ജനറൽ കാര്യങ്ങൾ സംസാരിച്ചതിന് ശേഷം അവന്റെ വക ഒരു കുറ്റപ്പെടുത്തൽ  " എന്തൊക്കെ പറഞ്ഞാലും  എന്റെ അമ്മ മരിച്ചപ്പോൾ നീ വന്ന് എന്നെ ആശ്വസിപ്പിച്ചില്ല"
സത്യത്തിൽ മേൽ വിവരിച്ച കാര്യങ്ങൾ അവനോടു പറയണം എന്നുണ്ടായിരുന്നു  പക്ഷെ അവനെ വേദനിപ്പിക്കാൻ ഇഷ്ട്ടമില്ലാത്തതു കൊണ്ട്  പറഞ്ഞു "അത് എന്റെ   എന്റെ മാത്രം തെറ്റാണ്  സോറി... ഡാ "
ഒരു സോറി കൊണ്ട് ഒരിക്കൽ അറ്റു  പോയ ബന്ധം തുടരാൻ കഴിഞ്ഞാൽ അതല്ലേ നല്ലത് അവനെ കുറ്റപെടുത്തി വീണ്ടും അകലുന്നതിൽ എന്താണ് കാര്യം അല്ലെ ? ......

Monday, July 20, 2015

Bajrangi Bhai Jaan

കഴിഞ്ഞ ദിവസം വളരെ യാദൃശ്ചികമായി ഒരു ഹിന്ദി സിനിമ കണ്ടു
Bajrangi Bhai Jaan  കുറേ റിസർവേഷന്സ്    മനസ്സിൽ ഉണ്ടായിരുന്നു
ഒന്നാമത് ഹിന്ദി
രണ്ടാമത്  ഹീറോ  സൽമാൻഖാൻ
മൂന്നാമത്  ഒരു തട്ടു തകർപ്പൻ ആക്ഷൻ മൂവി  ആയിരിക്കും എന്ന മുൻ വിധി എന്നാൽ സിനിമ തുടങ്ങി 2 മിനുട്ട് കഴിയേണ്ടി വന്നില്ല  സിനിമയിൽ ലയിക്കാൻ ഇന്ത്യ  പാക്കിസ്ഥാൻ   ക്രിക്കറ്റ് മാച്ച്  ടീവീയിൽ കാണുന്നു കുറച്ചു പേർ     സാഹിദ് അഫ്രീദി  ബാറ്റ് ചെയ്യുമ്പോൾ ആവേശം കൊള്ളുന്നു   ജനം   പാക്കിസ്ഥാൻ ജയിക്കുമ്പോൾ ആ ആഹ്ലാദത്തിൽ പ്രസവവേദന തുടങ്ങുന്ന ഒരു സ്ത്രീ
പിന്നെ ആറു വർഷങ്ങൾ കഴിഞ്ഞു ആ അമ്മയും  മകളും ട്രെയിനിൽ ഇന്ത്യക്കുവരുന്നു  സംസാരിക്കാൻ കഴിയാത്ത ആ കുഞ്ഞിനെ ഡൽഹിയിലെ ഒരു പള്ളയിൽ  കൊണ്ടുപോയി പ്രാർത്ഥിക്കാൻ . വഴിയിൽ വെച്ച് ആ കുട്ടി ഒറ്റപെടുന്നു
പിന്നെ എങ്ങനെയോഇന്ത്യയിൽ  എത്തുന്നു  കുട്ടി
ഹനുമാൻ ഭക്തനായ നായകൻ ഒരു ഉത്സവത്തിൽ വെച്ച് കുട്ടിയെ കണ്ടുമുട്ടുന്നു വിടാതെ പിന്തുടരുന്ന കുട്ടിയെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത നായകൻ കുട്ടിയെ തന്റെ കൂടെ കൊണ്ടുപോകുന്നു  ഡൽഹിക്ക്. ഓമനത്തം തുളുമ്പുന്ന കുട്ടിയെ നായകന്റെ ബന്ധുക്കൾ  എല്ലാവരും ഇഷ്ട്ടപെടുന്നു വെജിറ്റെറിയനായ   നായകൻ ഒരു ദിവസം കുട്ടിക്കു നോണ്‍വെജിറ്റെറിയൻ ഭക്ഷണമാണ് ഇഷട്ടം എന്ന് മനസിലാക്കുന്നു  പിന്നെ കുട്ടി  പാക്കിസ്ഥാൻ  മുസ്ലിം ആന്നെന്നു കൂടി അറിയുന്നതോടുകൂടി  കുട്ടിയെ തിരിച്ചയക്കാൻ ശ്രമിക്കുന്നു  മതിയായ പേപ്പറുകൾ ഇല്ലാത്തതുകൊണ്ട് നേരായ മാർഗങ്ങൾ എല്ലാം അടയുന്നു കുറുക്കു വഴിയുലുടെ ശ്രമിക്കുമ്പോൾ അതുകുട്ടിയെ മാംസ കച്ചവടക്കാരുടെ അടുത്തേക്ക്‌ എത്തിക്കുന്നു  അത് തിരിച്ചറിഞ്ഞ നായകൻ അവിടെ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി സ്വയം കുട്ടിയുമായി പാക്കിസ്ഥാനിലേക്ക് പുറപ്പെടുന്നു   ഇടയ്ക്കു വെച്ച് ഒരുടി.വി  റിപ്പോർട്ടർ   നായകന്റെ മനസ്സിലെ നന്മയും  ദൗത്യവും   അറിഞ്ഞ  അവരുടെ കൂടെ കൂടുന്നു തന്നാലായ സഹായങ്ങൾ ചെയ്യുന്നു  എന്നാലും  ചാനലുകളിൽ  ഇവരുടെ കഥ പറയാൻ ശ്രമിക്കുന്ന  റിപ്പോർട്ടർ   പരാജയപ്പെടുന്നു  പിന്നെ അവസാനം നെറ്റിൽ വീഡിയോ വഴി സംഭവം പോസ്റ്റ്‌ ചെയ്യുന്നു
അവസാനം  പല  കടമ്പകളും കടന്നു കുട്ടിയുടെ ഗ്രാമത്തിൽ എത്തുന്നതിനു തൊട്ടുമുൻപ്‌ നായകനെ  പാക്കിസ്ഥാൻ തടവിലാക്കുന്നു    എന്നാൽ ആ റിപ്പോർട്ടർ കുട്ടിയെ മാതാ പിതാക്കുളുടെ അരുകിൽ എത്തിക്കുന്നു  ആ കൂടി ചേരലുംനെറ്റിൽ അപ്പ്‌ ലോഡ് ചെയ്യുന്നു  അതോടെ രണ്ടു രാജ്യങ്ങളിലേയും ജനങ്ങൾപ്രശ്നം ഏറ്റെടുക്കുന്നു
അവസാനം മേലധികാരികളുടെ എതിര്പ്പ്  വകവെക്കാതെ  താഴെതട്ടിലുള്ള   അധികാരികൾ നായകനു ബോർഡർ കടക്കാൻ അവസരമൊരുക്കുന്നു      ആ ബോർഡറിൽ വെച്ച് കുട്ടി നായകന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി ഉറക്കെ നിലവിളിക്കാൻ ശ്രമിക്കുന്നു അതോടുകൂടി   സംസാരശേഷിയും കുട്ടിക്ക് കിട്ടുന്നു ഇതാണ് കഥ
ഇനി എന്തുകൊണ്ട് ഈ സിനിമ ഇഷ്ട്ടപ്പെട്ടു
സംസാരി ക്കാതെ   കണ്ണുകൊണ്ടും ആംഗ്യം കൊണ്ടും തന്മയത്തോടെ അഭിനയിച്ച ആ കൊച്ചു കുട്ടി
രണ്ടു രാജ്യത്തേയും ഭൂരിപക്ഷം ജനങ്ങളും നല്ലവരാണെന്ന വാദം
ഇവിടുത്തെയും  അവുടുത്തെയും  അധികാര വര്ഗം ഒന്നു പോലെ തന്നെ എന്നു പറയാതെ പറയുന്ന സ്റ്റയിറ്റ്മെന്റ്
പിന്നെ ലൈറ്റ് ട്രീറ്റ് മെന്റ്
തട്ടികൂട്ടു നു ജനറേഷൻ  മലയാളം സിനിമ കാണുന്നതിലും നല്ലത് ആ കുട്ടിക്ക് വേണ്ടി ഈ സിനിമ കാണുന്നതാണ്........  


Saturday, July 11, 2015

കാരണം

അരുവിക്കരയിൽ  തോറ്റതിനു കാരണം അന്വേഷിച്ചു നടക്കുന്ന ഇടതുപക്ഷ പാര്ട്ടിക്കാരുടെ ശ്രദ്ധക്കായി ഒരു കഥ  പറയാം
അവൻ
രണ്ടു മുണ്ടും രണ്ടു ഷർട്ടും ഉണ്ടെങ്കിൽ ഒരു വർഷം ഉടുക്കാം  രണ്ടുനേരം ഭക്ഷണം മതി ഒരു ദിവസം ജീവിക്കാൻ  സേവനം ആണ് മാനവ ധർമ്മം  എന്നൊക്കെ പറഞ്ഞു നടന്ന്  ആ ഫാക്ടറിയിലെ  അനീതികൾക്കു എതിരെ  നിരന്തരം ശബ്ദം ഉയര്ത്തിയവനാണ്  യുണിയൻ നേതാക്കൾക്ക്  അവനോടു പ്രതേക ഇഷ്ട്ടമായിരുന്നു  എല്ലാ യോഗങ്ങളിലും അവനു പ്രത്യേക പരിഗണന ലഭിച്ചു അതുകൊണ്ടുതന്നെ അടുത്ത പ്രാവശ്യം യുണിയൻ ഭരവാഹിയുമായി.
യുണിയൻ ഭാരവാഹി ആയതു മുതൽ  അനീതികൾ കണ്ടാൽ എതിർക്കാതായി ഒരു ഹൈ ഫൈ  ഭാര്യ കൂടി വന്നതോടുകൂടി  തൊഴിലാളികളെ  കുതന്ത്രം വഴി ഭിന്നിപ്പിക്കുകയും  തമ്മിലടിപ്പികുകയും ചെയ്തു  എന്നാൽ തൊഴിലാളികളുടെ കണ്ണിൽ പൊടിയിട്ടു  കൃത്യമായ സമയങ്ങളിൽ പിരിവു നടത്തി കീശ വീര്പ്പിച്ചു എപ്പോഴും മർക്സിസം പറഞ്ഞു പബ്ലിക്കായി മനജ്മെന്റിനെ എതിർത്ത്  എന്നാൽ ഒളിഞ്ഞു അവര്ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു തിന്നു കൊഴുത്ത് ജീവിച്ചു യുണിയൻ ഭാരവാഹി ഒരാൾ റിട്ടയർമെന്റിന്  കുറച്ചു ദിവസം  മുൻപ്  വീട്ടിലെ പരിതാപകരമായ  സ്ഥിതി  ചൂണ്ടികാട്ടി  ഒരുവർഷം കൂടി ജോലിയിൽ തുടരാൻ അനുവദിക്കാൻ  ഒരു അപേക്ഷ കൊടുക്കാൻ  ശ്രമിച്ചപ്പോൾ, തൊഴിൽ രഹിതരായ ചെറുപ്പക്കാരെ അത് ബാധിക്കും  അത്കൊണ്ട് അത് ചെയ്യാൻ പാടില്ല എന്നെല്ലാം  പറഞ്ഞു അദ്ധേഹത്തെ പിന്തിരിപ്പിച്ചു   കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയുടെ ഒരു ബന്ധുവിനു ആ ജോലി വാങ്ങി കൊടുത്തു  അതും കൃത്യമായി പണം എണ്ണിവാങ്ങി!
അവൻ കഴിഞ്ഞ മാസം ഈ ഫാക്ടറിയിൽ നിന്ന് പിരിഞ്ഞു പോകേണ്ടവനായിരുന്നു   മിക്ക തൊഴിലാളികളും അത് ആഗ്രഹിച്ചിരുന്നു എന്നാൽ അവൻ വേറെ ഏതോ ജോലിസ്ഥലത്ത് പിരിഞ്ഞുപോകുന്നത്‌  60
വയസ്സ് തികയുമ്പോൾ ആണ് അതുകൊണ്ട് ഇവിടേയും പിരിഞ്ഞുപൊകൽ 60 ആക്കണം  എന്നും പറഞ്ഞു ഒരു കോടതി വിധി നേടി  തുടരുന്നു
ഇത്തരം  കള്ള നാണയങ്ങൾ വളർന്നു പന്തലിച്ചു നില്ക്കുന്ന ഈ സമയത്ത്
ഇടതുപക്ഷം തോൽക്കാൻ പ്രതേകിച്ചു വേറേ കാരങ്ങൾ ഒന്നുംവേണ്ട
കള്ള നാണയങ്ങൾ കണ്ടു മടുത്ത  ഇത്തരം നാണയങ്ങലോടുള്ള പാർട്ടിയുടെ സമീപനം കണ്ടു മടുത്ത  ജനങ്ങളുടെ പ്രതികരണം മാത്രമാണ്  കാരണം