ഇന്ന് ജൂണ്‍ ഒന്ന്. പതിവ് പോലെ ഞാന്‍ ഓഫീസിലേക്ക് . സ്കൂള്‍ തുറക്കുന്ന ദിവസം
വഴിയില്‍ ഒരുപാടു കുട്ടികള്‍, കുട, ബാഗ്, ടൈ അടക്കുമുള്ള ഫുള്‍ യുണിഫോമില്‍ .
അതില്‍ കുറേ പുതിയ മുഖങ്ങള്‍, അമ്മമാരുടെ കൂടെ. അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു."ഞാന്‍ പോവില്ല " എന്ന് കരഞ്ഞു വാശിപ്പിടിക്കുന്നു ചിലര്‍ . എല്ലാവരും സ്കൂള്‍ ബസ് വരുന്നതും കാത്തു നില്‍ക്കുന്നു.
മനസ്സ് പെട്ടെന്ന് വര്‍ഷങ്ങള്‍ പുറകോട്ടു പോയി
ഇപ്പോള്‍ എനിക്ക് പുതിയ കുടയും,ബാഗും ആയി നടക്കുന്ന എന്നെ കാണാം . ചേട്ടനും കൂടെ ഉണ്ട്.
ചേട്ടനും കൂട്ടുക്കാരും ഹോളിഡെയസ് -ലെ വീര ശൂര കഥകള്‍ കൈമാറുന്ന തിരക്കിലാണ് അവരെല്ലാവരും അതീവ സന്തോഷത്തിലും. എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും എന്റെ കളിപാട്ടങ്ങള്‍ എന്നെ കാണാതെ വിഷമിച്ചു വീട്ടിലിരിക്കുന്നു എന്ന ചിന്ത എന്നെ കരയിക്കുന്നു . ഞാന്‍ പകുതിവഴിയെ തിരിച്ച് നടന്നു വീട്ടിലേക്ക് , എന്റെ കളിപാട്ടങ്ങളുടെ അരികിലേക്ക് . പക്ഷെ ചേട്ടന്‍ വിടുമോ ഉടനെ എനിക്കൊരു മിഠായി തന്നു വൈകിട്ട് കളിയ്ക്കാന്‍ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞു എന്നെ അക്ഷരങ്ങളുടെ ശ്രീകോവില്‍ എത്തിച്ചു. കൃത്യമായി പറഞ്ഞാല്‍ ഒന്നാംക്ലാസ്സില്‍ ബലമായി കൊണ്ടിരുത്തി.
എന്നെപോലെ കുറെ പേര്‍ എല്ലാവരും കരയുന്നു. ഞങ്ങളെ ഒക്കെ കൊണ്ടാക്കാന്‍ വന്ന എല്ലാവരോടുമായി " ഞാന്‍ നോക്കി കൊള്ളാം " എന്ന് ടീച്ചര്‍ .കുറച്ചു സമയം കഴിഞ്ഞു ക്ലാസ്സില്‍ ടീച്ചറും ഞങ്ങളും മാത്രം . ടീച്ചര്‍ വളരെ ശാന്തമായി ഒരു കഥ പറയാന്‍ തുടങ്ങി
മിനിട്ടുകള്‍ കൊണ്ട് എല്ലാവരും കഥയില്‍ മുഴുകി പതുക്കെ പ്പതുക്കെ സ്കൂള്‍ മനസ്സിനെ കീഴടക്കി.
അതിനു ശേഷം സ്കൂളിലേക്ക് പോകാന്‍ ഒരു മടിയും തോന്നിയിട്ടില്ല.
10.00 മണിക്കാണ് ക്ലാസ്സ് പക്ഷെ എല്ലാവരും 9 മണിക്കേ സ്കൂളില്‍ എത്തും വീട്ടില്‍ നിന്ന് 5 മിനിറ്റ് മതി സ്കൂളില്‍ എത്താന്‍ കൂട്ടുകാരുമായി നടന്നു (ഓടി ) പോകുന്നത് വിവരിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ്.
ഫുട്ബോള്‍, ഓട്ടം, ഹോം വര്‍ക്ക് ചെയ്യല്‍ എല്ലാം കാലത്ത് സ്കൂളില്‍ വെച്ചാണ്.
സ്കൂള്‍ കിണറില്‍ നിന്ന് എത്ര വെള്ളം കുടിച്ചിരിക്കുന്നു. ബക്കറ്റില്‍ കൈവെച്ചു വെള്ളം കുടിക്കുന്നതിന്റെ ഒരു സ്വാദ് ഇന്നത്തെ തലമുറ എങ്ങനെ അറിയാന്‍! അവര്‍ ഇതുപോലെ പലതും മിസ്സ് ചെയ്യുന്നു. ദിവസവും ഏഴു പിരീഡുകള്‍ കാലത്ത് 4 ഉച്ചക്ക് 3 ഇഷ്ടം പോലെ കളിയ്ക്കാന്‍ സമയം ! പരീക്ഷകള്‍ കൊണ്ട് കുട്ടികളെ പരിക്ഷിച്ചിരുന്നില്ല ഇന്നത്തെ പോലെ! ഓണം, ക്രിസ്മസ്, പിന്നെ വേനല്‍ അവധി ഇതിനു മുന്‍പായി പരീക്ഷകള്‍
പരീക്ഷകള്‍ കഴിഞ്ഞു വരുന്ന അവധിക്കാലം എല്ലാം മറന്നു ആഘോഷിക്കാന്‍ !
ഇത്രയും ഓര്‍ത്തു ഞാന്‍ എന്റെ ഓഫീസില്‍ എത്തി പക്ഷെ എന്റെ മനസ്സ് അപ്പോഴും ഒന്നാംക്ലാസ്സിലെ ആദ്യത്തെ ദിവസത്തില്‍ ത്തന്നെ !